കൊറോണ പ്രതിരോധം കളക്ടറേറ്റ് കൺട്രോൾ റൂം


കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലാകെ 22 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുളളത്. പുതുതായി 2 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒന്നും മെഡിക്കൽ കോളേജിൽ 12 ഉം ജനറൽ ആശുപത്രിയിൽ 8 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 229 ആണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് 8 പേരെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും 2 പേരെ ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 2 സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 75 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 45 സാമ്പിളുകളുടെ ഫലം ലഭിച്ചു. 30 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. പുതുതായി പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സർക്കാർ-സ്വകാര്യ ആശുപത്രികളിലായി 191 ഐസൊലേഷൻ മുറികൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും വിപുലമായി സംഘടിപ്പിച്ചു. 5979 പേർക്ക് ഇന്ന് മാത്രം പരിശീലനം നൽകി. ഇതിനകം 42225 പേർക്ക് ജില്ലയിൽ ഒട്ടാകെ പരിശീലനം നൽകി കഴിഞ്ഞു. ജില്ലാ കളക്ടറേറ്റ് ജീവനക്കാർക്ക് ഇന്ന് പരിശീലനം നൽകി. മതനേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കും പരിശീലനം നൽകി. ഐസിഡിഎസ് കൗൺസിലർമാർ, സെന്റ് തോമസ് കോളേജിലെ എംഎസ്ഡബ്ല്യൂ വിദ്യാർത്ഥികൾ, ആരോഗ്യകേരളം പദ്ധതിയിലെ കൗൺസിലർമാർ എന്നിവർക്ക് പരിശീലനം നൽകി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനുളള പരിശീലനമാണ് കൗൺസിലർമാർക്ക് നൽകിയത്.

കൊറോണ രോഗബാധയെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുളള ചിലരെങ്കിലും വീടുകളിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്തും അവർ വീടുകളിൽ തന്നെ 28 ദിവസം കഴിയണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകി. വീടുകളിൽ കഴിയുന്നവർ വീട്ടിലെ മറ്റ് അംഗങ്ങളുമായി അടുത്ത് ഇടപഴകുന്നത് നിർബന്ധമായി ഒഴിവാക്കണം. സന്ദർശകരെയും ഒഴിവാക്കണം. തങ്ങൾ ഉപയോഗിക്കുന്ന സോപ്പ്, ടവൽ, പാത്രങ്ങൾ തുടങ്ങിയവ വീട്ടുകാരുമായി പങ്കുവയ്ക്കരുത്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് പൊത്തിപിടിക്കുകയും വേണം.

കൺട്രോൾ റൂമിലേക്ക് ഇതുവരെ 1717 കോളുകളാണ് ലഭിച്ചത്. വനിത-ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സംശയനിവൃത്തിയ്ക്കായി 20 കൗൺസിലർമാരുടെ സേവനം ഇന്ന് മുതൽ ലഭ്യമാക്കും. പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും മതിയായ അളവിൽ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമുളള ഭക്ഷ്യസാധനങ്ങളും മരുന്നും വീടുകളിൽ എത്തിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് പ്രചരണ സാമഗ്രികൾ തയ്യാറാക്കി ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s