കൊരട്ടി കിൻഫ്ര ബഹുനില കെട്ടിട സമുച്ചയം വ്യവസായ മന്ത്രി നാടിന് സമർപ്പിച്ചു

കിൻഫ്രയിൽ സ്ഥലം കിട്ടിയാലുടൻ ചെറുകിട ഇടത്തരം വ്യവസായം തുടങ്ങാം: മന്ത്രി ഇ.പി. ജയരാജൻ

കൊരട്ടി : 10 കോടി രൂപ ചെലവിലുള്ള സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായം (എം.എസ്.എം.ഇ) വ്യവസായം കിൻ്രഫ്ര പാർക്കിൽ തുടങ്ങാൻ സ്ഥലം അനുവദിച്ചുകിട്ടിയാൽ മാത്രം മതിയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കൊരട്ടിയിലെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്‌ട്രെക്ച്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ (കിൻഫ്ര) വ്യവസായ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ബഹുനില കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കിൻ്രഫ്ര പാർക്കിൽ എം.എസ്.എം.ഇ വ്യവസായം തുടങ്ങാൻ ഒരു ലൈസൻസിനും പോവേണ്ട. ഒരു പഞ്ചായത്തിലും കോർപറേഷനിലും പോവേണ്ട. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കെട്ടിടം നിർമ്മിച്ച് യന്ത്രങ്ങൾ ഘടിപ്പിച്ചുകൊള്ളൂ. ഒരു കെട്ടിട നമ്പറും വേണ്ട, പണം അടച്ചാൽ കെ.എസ്.ഇ.ബിയിൽ പോയാൽ വൈദ്യുതി കണക്ഷൻ കിട്ടും. ലൈസൻസ് വേഗം ലഭിക്കാൻ കേരളത്തിൽ നിലവിലുണ്ടായിരുന്ന ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും മാറ്റി. സംരംഭങ്ങൾ ആരംഭിച്ച് മൂന്ന് വർഷം കഴിഞ്ഞാൽ, ആറ് മാസത്തിനകം വ്യവസായം തുടങ്ങാനുള്ള അനുവാദങ്ങൾക്കുള്ള അപേക്ഷ ഓൺലൈനായി സർക്കാറിന് സമർപ്പിച്ചാൽ മതി.
എം.എസ്.എം.ഇ വ്യവസായം തുടങ്ങാൻ സ്ഥാപനത്തിന്റെ വിവരങ്ങളുമായി കളക്ടർക്ക് അപേക്ഷ നൽകിയാൽ മതി. കളക്ടർ നൽകുന്ന രശീതാണ് വ്യവസായം തുടങ്ങാനുള്ള അംഗീകാരം. പരിസ്ഥിതി ദുർബല പ്രദേശങ്ങളായ റെഡ് സോണിലും ഡാറ്റാ ബാങ്കിൽപ്പെട്ട ഭൂമിയിലും തദ്ദേശ സ്ഥാപനങ്ങൾ വ്യവസായത്തിനായി വിജ്ഞാപനം ചെയ്ത ഭൂമിയിലും വ്യവസായം തുടങ്ങരുതെന്ന് മാത്രം. ബാക്കി ഏത് സ്ഥലത്തും വ്യവസായം തുടങ്ങാം. അതുപോലെ, വെടിമരുന്ന് ഉൽപാദനം പോലെ റെഡ് കാറ്റഗറിയിൽപ്പെട്ട വ്യവസായവും തുടങ്ങരുത്. കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 54000ൽപരം എം.എസ്.എം.ഇ യൂനിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. ഇതിലെല്ലാം കൂടി അയ്യായിരം കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ വന്നു. 1,85,000 പേർക്ക് തൊഴിൽ നൽകിയതായും മന്ത്രി അറിയിച്ചു.
കൊരട്ടി കിൻഫ്രയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊരട്ടി ഇന്ത്യാ ഗവണ്മെൻറ് പ്രസിന്റെ 100 ഏക്കർ സ്ഥലം കിൻഫ്രയ്ക്കായി ലഭിക്കുമെങ്കിൽ ഏറ്റെടുക്കാൻ വേണ്ട നടപടി സ്വീകരിക്കും. കൊച്ചി വിമാനത്താവളത്തിന് സമീപമായതിനാൽ കൊരട്ടിയിൽ ഐ.ടി പാർക്കുകൾക്ക് സാധ്യത കൂടുതലാണ്. ഇത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
69403.86 ചതുരശ്ര അടിയിലായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ഏഴ് യൂണിറ്റുകൾക്ക് സ്ഥലം അലോട്ട് ചെയ്യുന്നതിനുള്ള അനുമതിയായിട്ടുണ്ട്. ഇതിന്റെ അനുമതി പത്രം ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി വ്യവസായികൾക്ക് കൈമാറി. കെട്ടിടത്തിന്റെ ആകെ നിർമ്മാണചെലവ് 11.50 കോടിയാണ്. വെദ്യുതി, ശുദ്ധജല വിതരണ സംവിധാനവും അഗ്‌നിശമന, ലിഫ്റ്റ്, സെക്യൂരിറ്റി സംവിധാനങ്ങളും ഉൾപ്പെടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കിൻഫ്ര ഇവിടെ ഒരുക്കിയിട്ടുണ്ട്. 300 പേർക്ക് നേരിട്ടും ആയിരത്തോളം പേർക്ക് നേരിട്ടില്ലാതെയും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചടങ്ങിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, വൈസ് പ്രസിഡന്റ് കെ.പി. തോമസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആർ സുമേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.എ.ഗ്രേയ്സി, കൊരട്ടി കിൻഫ്ര മാനുഫാക്ചർസ് അസോസിയേഷൻ പ്രസിഡന്റ് സണ്ണി ജോർജ് എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു. കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് സ്വാഗതവും ടെക്‌നിക്കൽ മാനേജർ ടി ബി അമ്പിളി നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s